അച്ഛനും മകളും · Marginalia ClubTranslate
ഒന്ന്
“ഗുരുപാദരെക്കണ്ടു വന്ദിപ്പാനവസര-
മറിഞ്ഞു വരിക, പോയ് വത്സ, നീ ശുനശ്ശേഫ;
ഞാനിങ്ങീയശോകത്തിൻ തണലിൽ നിൽക്കാ”മെന്നൊ-
രാനകമന്ദ്രസ്നിഗ്ദ്ധസ്വരമാകിയ സൂക്തം,
പോക്കുവെയിലേശി സ്വർണ്ണമുരുക്കിയൊഴിച്ചതു-
പോലവേ മിന്നും ഹേമകൂടശൈലത്തിൻ പാർശ്വേ,
കശ്യപാശ്രമക്കാട്ടിലൊരിടത്തപരാഹ്ന-
നിശ്ശബ്ദസ്ഥിതി ഭഞ്ജിച്ചുദിച്ചൂ പണ്ടേകദാ.
നതനാ സ്വശിഷ്യനെയയച്ചത്തപസ്വിയാ-
മതിഥിയശോകത്തിൻ തണല്പുക്കപ്പോഴേക്കും,

@vallathol
One of the modern triumvirate of Malayalam poetry and founder of Kerala Kalamandalam. Sang of nation, dignity, and beauty.
“ഞാൻ കാട്ടിത്തരാമേ മുത്തച്ഛനെ“യെന്നൊരു
തേൻ കൊഞ്ചൽ തൂകിപ്പാഞ്ഞു ചെന്നാനങ്ങൊരു ബാലൻ
ഇത്തങ്കക്കിടാവാര,ക്കശ്യപഭഗവാനെ
മുത്തച്ഛനെന്നു വിളിച്ചീടുവാൻ ജയന്തനോ?
വാനോർകോനുടെ പുത്രനിത്രയല്ലല്ലോ പ്രായം,
മാനുഷപ്രഭാവമാണിവനിൽക്കാണുന്നതും
ആരിതെന്നാരായാനല്ലവനെച്ചിക്കെന്നു തൻ
മാറത്തൊണപ്പാനാണിച്ഛിച്ചതൃഷിപ്രൌഢൻ
സാഹസക്കാരൻ പൈതലാവിമുക്തനെ വീണ്ടു-
മൈഹികത്തിലേക്കതാ, വലിച്ചു താഴ്ത്തീ ക്ഷണാൽ
കുനിഞ്ഞുവാരിയെടുത്തുണ്ണിയെപ്പുണ്യാകാരൻ
കുനിഞ്ഞുകെട്ടിപ്പൂണ്ടാൻ പെരിയ ബാഹുക്കളാൽ
ലസിച്ചു മാന്തോലേറാപ്പിട്ട തന്മാറിൽപ്പൊങ്കു-
ഞ്ഞ,സിതാകാശോദ്ദേശത്താതിരത്താരം പോലെ.
തോൾവരെ ഞാന്ന കുനുകുന്തളം ലീലയാസ-
ത്തൂവിയർപ്പിങ്കൽപ്പതിഞ്ഞിരുന്നതൊരു കൈയാൽ
സാവധാനമായ് മാടി നീക്കിയക്കുഞ്ഞിൻകവിൾ-
പ്പൂവോടു ചേർത്താൻ താടി നീണ്ട തന്മുഖം ധന്യൻ
നേത്രരഞ്ജകമായിത്തിളങ്ങീ തമ്മിൽച്ചേർന്നാ-
ക്ഷാത്രതേജസ്സിൻ കൂമ്പും ബ്രാഹ്മതേജസ്സിൻ കാമ്പും.
അപരിചിതത്തോളിലശങ്കം തലചായ്ച്ചാ-
നറിയപ്പെടാതേതോ ചേർച്ചയാൽപ്പോലെ ബാലൻ;
മറ്റൊരു മുത്തച്ഛന്റെ ലാളനമനുഭവ-
പ്പെട്ടതായിട്ടോ തോന്നീ ഹൃഷ്ടനാമവന്നപ്പോൾ!
അഥവാ ബാലകർക്കുണ്ടോ സ്വപരവ്യത്യാസങ്ങൾ?
മൃദുവാം കൈയേതിനും തലോടാമപ്പൂക്കളെ.
ഞാനൊന്നു ചോദിക്കട്ടേ സാദരം മഹാമുനേ;
ധ്യാനത്തിലുൾച്ചേരുന്നാസ്സച്ചിദാനന്ദം താനോ,
മാനിച്ചീയിളംപൂമെയ് പുൽകലിലുളവായോ-
രാനന്ദമിതോ ഭവാനധികം സമാസ്വാദ്യം!
മീലിതാക്ഷനായ്മുനി ബാലസംശ്ലേഷസുഖാൽ;
ബാലനോ, കിഞ്ചിദ്ദൂരഗാക്ഷനായ്,ചിരികൂട്ടി
അമ്മേ, ഞാനിതാ’ എന്നു വിളിച്ചുചൊന്നാൻ പെട്ടെ-
ന്നമ്മണിനാദം കേട്ടങ്ങണഞ്ഞാളൊരു തന്വി;
മുഷിഞ്ഞ വസ്ത്രങ്ങളും മെടഞ്ഞ വാർകൂന്തലും
മെലിഞ്ഞലാവണ്യൈകഭൂഷമാമുടലുമായ്
അത്തലിൻ സ്വരൂപം പോലാ വന്ന യുവതിയെ
സ്നിഗ്ദ്ധമാം നയനത്താൽ ദർശിച്ച നിമിഷത്തിൽ
‘മേനകേ, നിനക്കെന്തീ മാറ്റ’മെന്നേവം ചോദി-
പ്പാനാവാം മുതിർന്നതു മുനിതൻ തിരുമുഖം!
പിന്നീടിങ്ങനെയത്രേ ചോദിച്ചൂ: “സ്ഫുടസമ്രാട്-
ചിഹ്നമാമിക്കുഞ്ഞിന്റെയമ്മയാം നീയാർ വത്സേ?”
അമ്മകനിതിനിടയ്ക്ക, ‘യ്യയ്യ, ചായം തേച്ച
മണ്മയിലതാ, മാർക്കണ്ഡേയങ്ക’ലെന്നും ചൊല്ലി
ബ്രഹ്മർഷി വക്ഷസ്സിങ്കൽ നിന്നൊരു ചാട്ടം ചാടി-
യമ്മതൻ പിടി വിടുർത്തുഴറ്റോടിപ്പോയാൻ.
ഉണ്ണിതന്നോട്ടം കണ്ടു നെടുതാം വീർപ്പൊന്നിട്ടു
കണ്ണുനീരൊരുവിധമടക്കിക്കൈയും കൂപ്പി,
ഭക്തിയുമതിലേറെ സ്നേഹവുമുൾക്കൊണ്ടാത്മ-
വൃത്താന്തമറിയിച്ചാളൃഷിയെസ്സദ്വൃത്തയാൾ:
“മുക്താത്മൻ, പിറന്നന്നേ വനത്തിൽ മാതാപിതൃ-
ത്യക്ത ഞാൻ കണ്വർഷിയാലെടുത്തു പോറ്റപ്പെട്ടോൾ
മന്നനാം ദുഷ്ഷന്തനാൽ ഗാന്ധർവപരിണീത-
യെന്നുടെ ജനകനോ, വിശ്രുതൻ വിശ്വാമിത്രൻ.”
“ഞാനോ !” വിസ്മിതനായ് പോയ് താപസൻ,“തവ താതൻ-
താനല്ലോ മുനിസുതേ, നിന്നൊടിസംസാരിപ്പോൻ.
ഹാ ശരിയോർമ്മിച്ചേൻ നിന്നമ്മ മേനക” തീർണ്ണ
ക്ലേശനാമവിടെയ്ക്കും നീരുറന്നിതോ കണ്ണിൽ !
“ഞാനനുഗൃഹീതയായ് താതദർശനത്താലേ”-
ന്നാനന്ദാകുലം കാൽക്കൽ വീണ നന്ദിനിയാളെ
സത്വരം പിടിച്ചെഴുന്നേൽപ്പിച്ചു നിറുകയിൽ-
പ്പത്തു നൂറുരു ഗാഢം മുകർന്നാൻ മുനിവര്യൻ.
തുടച്ചാനവളുടെ കണ്ണുനീർ വലം കൈയാൽ;
തടവിക്കൊണ്ടാൻ മന്ദം പുറത്തു മറ്റേക്കയ്യാൽ;
നൃപനാം ജാമാതാവിൻ ക്ഷേമവുമന്വേഷിച്ചാൻ;-
അപത്യവാത്സല്യമേ, വശിയും വശഗൻ തേ!
“ഓമനേ തവ പേരെ-ന്തുണ്ണി തൻ പേരും ചൊല്ലൂ;
ഭൂമീശമഹിഷി നീ വന്നതെന്തിനിക്കാട്ടിൽ?”
ഉടനേ വീണ്ടും കംബുകണ്ഠിതൻ കണ്ഠത്തിൽ നി-
ന്നിടറിപുറപ്പെട്ടിതങ്ങൊരു വീണാക്വാണം:
“പേരിട്ടാൻ ശകുന്തളയെന്നെനിക്കച്ഛൻ കണ്വൻ;
ധാരിതസർവദമനാഭിധൻ ദൌഹിത്രൻ തേ
അമ്മ തന്നനുഗ്രഹാലിദ്ദിവ്യാശ്രമമല്ലോ,
വന്മാലിലാഴുമെനിക്കീറ്റില്ലമായിത്തീർന്നു!
ആശ്രമാൽ പ്രീത്യാ താതകണ്വനാലയയ്ക്കപ്പെ-
ട്ടാശയാ കൊട്ടാരത്തിൽച്ചെന്ന ഗർഭിണിയാം ഞാൻ”
സങ്കടം പൊറാഞ്ഞവൾ തെല്ലിട തേങ്ങിക്കേണാൾ;
“സന്ത്യക്തയായേനല്ലോ, സൌമ്യനാം കണവനാൽ”
പകർന്നൂ ഭാവം പെട്ടെന്നക്കാലരുദ്രാകാര-
ന്നുതിർന്നൂ മിഴിയിൽ നിന്നെരിതീപ്പൊരി മേന്മേൽ
വളഞ്ഞൂ പുരികങ്ങൾ ചുളിഞ്ഞൂ വാർനെറ്റിത്ത-
ട്ടിളകീലിലയുമങ്ങ,ടങ്ങീ കാറ്റെമ്പാടും!
“ദുഷ്ഷന്തനവനാരെന്നാരോമൽക്കുമാരിയെ-
ദ്ദുസ്സഹാവമാനത്തിൽത്തള്ളിയിട്ടുയിർക്കൊൾവാൻ?
ഇക്കരമൊന്നേപോരും കാൽക്ഷണാൽ മനുഷ്യരെ-
സ്വർഗത്തിൽ കരേറ്റാനും നരകേ വീഴിപ്പാനും!
പൌരവൻ കേട്ടിട്ടില്ലേ ത്രിശങ്കുഹരിശ്ചന്ദ്ര-
ന്മാരുടെയനുഭവം കൌശികപ്രഭാവജം?
ഒരിക്കൽ കൂടിയിതാ കണ്ടുകൊള്ളട്ടേ ലോകം
ശരിക്കിഗ്ഗാധേയന്റെ വൻതപഃപ്രതാപത്തെ!
തനിയേ വേട്ടന്തർവത്നിയാം സാധുസ്ത്രീയെ-
ക്കനിവറ്റഹേതുവായ് ത്യജിച്ച ദുരാത്മാവേ!”
ബ്രഹ്മാവെത്തപശ്ശക്ത്യാ വരുത്തിച്ചാരേ നിർത്തി
ബ്രഹ്മർഷിപദം ബലാൽ വാങ്ങിയതേതൊന്നാലോ
ആ വലം കരം ക്രോധാൽ ചുരുട്ടി നെഞ്ചിൽച്ചേർത്താ-
ണീ വചസ്സാരംഭിച്ചതൂർജ്ജസ്വി വിശ്വാമിത്രൻ
ആ മുഷ്ടി മുന്നോട്ടേക്കൊന്നെറിയപ്പെട്ടാൽ തീർന്നൂ,
സ്വാമിവംശത്തിന്നൊട്ടുക്കിടിവാളായ് പ്പോമല്ലോ;
എന്നാലാശ്ശാപാസ്ത്രത്തെ രണ്ടുകൈകൊണ്ടും പിടി-
ച്ചെ,“ന്നെയോർത്തടങ്ങേണമച്ഛനിങ്ങെ”ന്നാൾ മകൾ:
“ഭർത്തൃനാശിനിയായിത്തീരൊലാ ഭവൽ പുത്രി
നിർദഗ്ദ്ധയായും തീരൊല്ലുഗ്രവൈധവ്യത്തിയ്യാൽ;
അച്ഛനമ്മമാർ കാലേ വെടിഞ്ഞ നിർഭാഗ്യയെ
സ്വച്ഛന്ദമുപേക്ഷിച്ചാൻ ഭർത്താവുമെന്നേ വേണ്ടൂ!
സുബഹിഷ്കൃതമായിക്കൊള്ളട്ടേയെൻ ജീവിതം;
സുതനും പുറത്തായിപ്പോകൊലാ മമ ദോഷാൽ!”
പുത്രിതൻ കണ്ണീർകൊണ്ടു കോപാഗ്നി ശമിച്ചതി-
ലെത്രയും പ്രസന്നനായഭിനന്ദിച്ചാനച്ഛൻ:
“ഭദ്രം തേ, പിടിച്ചെന്നെക്കരേറ്റി നിൻ സൌശീല്യം,
ഭർത്താവോടചിരേണ ചേർന്നാലും സപുത്ര നീ!”